Sunday, 5 April 2015

ഉപ്പു സത്യാഗ്രഹം നല്‍കുന്ന പാഠങ്ങള്‍

ഉപ്പു സത്യാഗ്രഹം നല്‍കുന്ന പാഠങ്ങള്‍

ഇന്ന് (ഏപ്രില്‍ 6) ഉപ്പുസത്യാഗ്രത്തിന്റെ വാര്‍ഷികം. 85 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദണ്ഡികടപ്പുറത്ത് അന്നുനിലവിലിരുന്ന കിരാതമായ ഉപ്പുനിയമത്തിനെതിരെ ധാര്‍മ്മികതയുടെ അജയ്യമായ ശക്തിയില്‍ക്കൂടി സൗമ്യമായി ഗാന്ധി പ്രതികരിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ഇരുട്ടുനിറഞ്ഞപാതയില്‍ പതിച്ച പ്രഭാപൂരമായിരുന്നു അതെന്ന് അധികം പേര്‍ കരുതിക്കാണില്ല.



പില്‍ക്കാലത്ത് അനീതിക്കും അസ്വാതന്ത്ര്യത്തിനും പൗരാവകാശധ്വംസനങ്ങള്‍ക്കും എതിരെ നടന്ന ഐതിഹാസിക സമരങ്ങളില്‍ പല കാരണങ്ങളാലും ശ്രദ്ധേയമായ ഒരു പൊതുജന മുന്നേറ്റമായി മാറി ദണ്ഡി യാത്രയും ഉപ്പു സത്യാഗ്രഹവും. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉപ്പ് സമരായുധമായി രൂപകല്‍പ്പന ചെയ്ത ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
സമകാലീന ഭാരതത്തിലും വിദേശ രാഷ്ട്രങ്ങളിലും ഉപ്പു സത്യാഗ്രഹത്തിന്റെ കാലിക പ്രസക്തിയെപ്പറ്റി ഈ വേളയില്‍ അല്പം ചിന്തിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു. മൃഗീയമായ ശക്തിക്കെതിരേ ആത്മശക്തി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുമെന്ന് സത്യാഗ്രഹ-സമരായുധ മുറകളിലൂടെ കാട്ടിത്തന്ന ഗാന്ധിയുടെ ഇച്ഛാശക്തിയുടെയും നേതൃത്വ പാടവത്തിന്റെയും മറ്റൊരു മുഖമാണ് സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് അദ്ദേഹം നയിച്ച യാത്രയും തുടര്‍ന്ന് ദണ്ഡി കടല്‍പ്പുറത്ത് നടന്ന ഉപ്പു നിര്‍മ്മാണ സമരമാര്‍ഗ്ഗങ്ങളും.
മഹാകവി പാലാ വിവരിച്ചത് പോലെ
തരിമ്പും ഭയമില്ലാതാബാല വൃദ്ധം ജന-
മിരമ്പിക്കൂടി മൂന്നു സാഗരക്കരകളില്‍
ലവണം വിളയിക്കാന്‍ പാത്രങ്ങള്‍ പേറിക്കൊണ്ടു
ഹവനം നടത്തുന്ന കാഴ്ചയേ കാണാനുള്ളൂ.
ഭാരതമെമ്പാടും ഉപ്പ് സത്യാഗ്രഹം ഉയര്‍ത്തിയ ആവേശവും ജനരോഷവും കൊളോണിയല്‍ വ്യവസ്ഥയുടെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാക്കിയ കാര്യം സാമ്രാജ്യവാദികള്‍ അപ്പോള്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ല. അപ്രതിരോധ്യമെന്നു കരുതി വ്യാപകമായി ചൂഷണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ഗാന്ധിജി നല്‍കിയ ശക്തമായ മുന്നറിയിപ്പായിമാറി പൊതുവെ നിസ്സാരമെന്നു അന്നുവരെ കരുതിയിരുന്ന ഉപ്പ്.
 ചെറുത്തുനില്‍പ്പിന്റെയും ശക്തിയുടെയും ഉറവിടമായി മാറി ഈ നിസ്സാരമായ പദാര്‍ത്ഥം. ഉപ്പ് പോലെ നിസ്സാരമായ ഒരു വസ്തുവിനെ പ്രതീകമായെടുത്ത് ജനങ്ങളില്‍ ഐക്യത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശം എത്തിക്കുവാന്‍ ഗാന്ധിജി നടത്തിയ ധീരപ്രവര്‍ത്തനങ്ങള്‍ നമുക്കെല്ലാം മാര്‍ഗ്ഗദായകമാകേണ്ടതാണ് - പ്രത്യേകിച്ചും ആഗോള വത്ക്കരണത്തിന്റെ നീരാളി പിടിത്തത്തില്‍ നിസ്സാഹകരായി തീര്‍ന്നു കൊണ്ടിരിക്കുന്ന അവികസിത രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക.്
ചരിത്രം അവസാനിച്ചിരിക്കുന്നു. ഇനി മറ്റൊരു പാത ഇല്ല; ഭാവിയില്ല; വര്‍ത്തമാനമേയുള്ളൂ എന്നൊക്കെയുള്ള വാദഗതിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. ആഗോളവത്ക്കരണത്തിനെതിരെയുള്ള ശ്രമങ്ങള്‍ വൃഥാവിലാണെന്നു വാദിക്കുന്നവര്‍ ചരിത്രത്തില്‍ നിന്നു പഠിക്കുവാന്‍ തയ്യാറാകണം. ദണ്ഡിയാത്രയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്റെ ഐതിഹാസിക സമരമുറകള്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ ഗാന്ധി- സമരമുറകള്‍ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചിരുന്നു. വാഷിംഗ്ടണിലേക്ക് പൗരാവകാശധ്വംസനത്തിനെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ നടത്തിയ മാര്‍ച്ചിനെ മറ്റൊരു ദണ്ഡിയാത്രയായിട്ടാണ് അന്താരാഷ്ട്ര സമൂഹം കണ്ടത്. കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ലക്ഷക്കണക്കിനുള്ള കറുത്തവര്‍ഗക്കാര്‍ ഉറക്കെപ്പാടിക്കൊണ്ടു പോയ  ണല വെമഹഹ ീ്‌ലൃ രീാല, ംല വെമഹഹ ീ്‌ലൃ രീാല എന്ന സമര ഗാനത്തിലെ ഓരോ ഈരടികളും അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ തെളിവായിരുന്നു.
ഗാന്ധി വിമര്‍ശര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മറുപടി കൂടിയായിരുന്നു ഈ മാര്‍ച്ച്. ഒരു പിടി ഉപ്പുണ്ടാക്കുവാന്‍ വേണ്ടി ലക്ഷക്കണക്കിനുള്ള നിരപരാധികളെ അനാവശ്യമായി കാരാഗൃഹത്തില്‍ ഗാന്ധി എത്തിച്ചെന്നായിരുന്നു വിമര്‍ശകര്‍ കൊട്ടിഘോഷിച്ചത്. ഉപ്പ് നിയമത്തിനെതിരെ താന്‍ നടത്താനിരിക്കുന്ന സമര പരിപാടികളെക്കുറിച്ചുള്ള തന്റെ കത്തിന് മറുപടി നല്‍കുവാന്‍ പോലും വൈസ്‌റോയി കൂട്ടാക്കിയില്ലെന്നത് ഗാന്ധിയെ വേദനിപ്പിച്ചു. മനം നൊന്ത ഗാന്ധി പറഞ്ഞു. “മുട്ടുകുത്തിനിന്നുകൊണ്ട് ഞാന്‍ അപ്പം ആവശ്യപ്പെട്ടു. എനിക്കു കിട്ടിയത് കല്ലാണ്?
വിശ്വവിഖ്യാത പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ ലൂയി ഫിഷര്‍ ദണ്ഡിയാത്രയെക്കുറിച്ചു നടത്തിയ അപഗ്രഥനം ശ്രദ്ധേയമാണ്. രാഷ്ട്രത്തിന് ഒരടയാളം നല്‍കുന്നുവെന്ന് ഉദ്‌ഘോഷിച്ചു ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ 24 ദിവസം കാല്‍നടയായി സഞ്ചരിക്കുവാനും ഒരു പിടി ഉപ്പു വാരി പ്രബലമായ ബ്രിട്ടീഷ് ഭരണകൂടത്തെ പരസ്യമായി ധിക്കരിച്ചു നിയമലംഘനം നടത്തുവാനും അതിലൂടെ സമസ്ത ഭാരതത്തിന്റെയും ശ്രദ്ധാകേന്ദ്രമായിത്തീരുവാനും തികഞ്ഞ ഭാവനയും ഉന്നത കലാകാരന്റെ പ്രദര്‍ശന പാടവവും അനിവാര്യമാണ്. ചില അവസരങ്ങളിലെങ്കിലും പ്രതിയോഗിയായി മാറിയ സുഭാഷ് ചന്ദ്രബോസിനെപ്പോലെ അനുഭവ സമ്പന്നനായ വിമര്‍ശകന്റെയും നിരക്ഷരനായ കര്‍ഷകന്റെയും ഹൃദയങ്ങളെ ഒരു പോലെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞതാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായത്.”
എല്‍ബാ ദ്വീപില്‍ നിന്നു മടങ്ങിയെത്തിയ നെപ്പോളിയന്‍ പാരീസിലേക്ക് നടത്തിയ സൈനിക മുന്നേറ്റത്തോടാണ് ഗാന്ധിയുടെ ദണ്ഡിയാത്രയെ സുഭാഷ് ഉപമിച്ചത്.
ദണ്ഡി കടപ്പുറത്തു നിയമലംഘനം നടത്തി ഉപ്പുവാരിയെടുത്ത വലം കൈ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ പ്രഖ്യാപനം രാഷ്ട്രത്തെയാകെ ജാഗരൂകരാക്കി. ഗാന്ധിജി ഉറക്കെ പറഞ്ഞു. “അഹിംസാ വ്രതക്കാരനായ സത്യാഗ്രഹിയുടെ കൈമുഷ്ടിക്കുള്ളിലെ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്.  ഉപ്പ് പിടിച്ചിരിക്കുന്ന ഈ മുഷ്ടി തകര്‍ത്തേയ്ക്കാം. എന്നിരുന്നാലും ഇത് - ഈ ഉപ്പു വിട്ടു കൊടുക്കുകയില്ല.”
ഗാന്ധിജിയുടെ വാക്കുകള്‍ തീഷ്ണശരം പോലെ ചീറിപ്പാഞ്ഞു. ഇന്ത്യയിലങ്ങോളമിങ്ങോളം ഉപ്പു സത്യാഗ്രഹം നടന്നു. ഭാരതത്തിന്റെ നീണ്ട കടലോരങ്ങള്‍ പടക്കളങ്ങളായി മാറിയ കാഴ്ച വിദേശിയരെയും വിസ്മയിപ്പിച്ചു. സ്വാതന്ത്ര്യ ദാഹിയായ സമരഭടന്റെ കൈമുഷ്ടിക്കുള്ളിലെ ഉപ്പ് അക്രമരാഹിത്യത്തിന്റെയും തീജ്വാലകളായി മാറിയ വസ്തുത ബ്രിട്ടീഷുകാര്‍ മാത്രം മനസ്സിലാക്കിയില്ല. ‘അക്രമരാഹിത്യ വിപ്‌ളവം നീണാള്‍ വാഴട്ടെ’ എന്ന ബാനറുകളുമായി ഗ്രാമഗ്രാമാന്തരങ്ങളിലും, നഗരങ്ങളിലും, പട്ടണങ്ങളിലും പ്രായഭേദമന്യെ ജനലക്ഷങ്ങള്‍ പ്രക്ഷോഭ പരിപാടികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിന്നു.
ഉപ്പു സത്യാഗ്രഹത്തിന്റെ പാഠങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ മുന്‍പില്‍ ചില പ്രധാന വസ്തുതകള്‍ പൊന്തി വരും.
ഒന്ന് :  ഗ്രാമീണ ജീവിതത്തെ സ്പര്‍ശിച്ച ഇത്രത്തോളം വലിയ ഒരു വിഷയം ഗാന്ധിജിക്കു മുന്‍പ് ആരും പ്രചരണായുധമായോ പൊതു ചര്‍ച്ചയ്‌ക്കോ എടുത്തിട്ടില്ല.
രണ്ട്: ഗ്രാമ വികസനത്തില്‍ ജനപങ്കാളിത്തമെന്ന ആശയവും ഗ്രാമവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഗ്രാമവാസികളില്‍ ബോധവത്കരണ പരിപാടിയുമായി തീര്‍ന്നു ഒരര്‍ത്ഥത്തില്‍ ഉപ്പു സത്യാഗ്രഹം. സബര്‍മതിയില്‍ നിന്നും ആരംഭിച്ച യാത്ര  ഗാന്ധിയുള്‍പ്പെടെയുളള 79 അംഗങ്ങളോടു 24 ദിവസം കഴിഞ്ഞ് ദണ്ഡികടല്‍പ്പുറത്തു എത്തിയപ്പോഴേക്കും ഒരു മഹാ വിപ്ലവത്തിന്റെ തുടക്കമാണോയിതെന്ന ശങ്ക പലരിലും ജനിപ്പിച്ചിരുന്നു.   ജനപങ്കാളിത്വത്തിന്റെ കാര്യത്തില്‍ ഇതിനുമുന്‍പു ഗ്രാമീണഹൃദയങ്ങളെ തട്ടിയുണര്‍ത്തിയ മറ്റൊരു പരിപാടിയും ആരും ഓര്‍ക്കുന്നില്ല.
മൂന്ന്: ഗ്രാമവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഭരണാധികാരികളെയും ജനങ്ങളെയും ഓര്‍മ്മിപ്പിക്കുവാന്‍ ഗാന്ധിജിക്കു കഴിഞ്ഞുവെന്ന വസ്തുത ശ്രദ്ധേയമാണ്.
നാല്: സ്ത്രീപങ്കാളിത്തം ഇതിനു മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധം ദണ്ഡിയാത്ര പരിപാടികളിലും തുടര്‍ന്നു നടന്ന ഉപ്പ് ഉത്പാദന, വിപണന പരിപാടികളിലും സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.  പൊതു രംഗത്തേയ്ക്ക് സ്ത്രീകളെ ആകര്‍ഷിച്ച ഈ പരിപാടി പില്‍ക്കാലത്ത് വിവിധങ്ങളായ സ്ത്രീ ശാക്തീകരണ പരിപാടികളുടെ തുടക്കമായിട്ടാണ് ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത്.
അഞ്ച്: ഗ്രാമങ്ങളും വ്യക്തികളും സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത 200-ല്‍ അധികം നാഴിക നീണ്ടു നിന്ന യാത്രാവേളയില്‍ ഗാന്ധിജി ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.
ആറ്: സാമൂഹ്യ നീതി ഉറപ്പാക്കേണ്ടതിന്റെയും  മദ്യവും മയക്കുമരുന്നുകളും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാ വിഷയമായിരുന്നു. ശിശുവിവാഹം ഉപേക്ഷിക്കുവാനും, ശുചിത്വം പാലിക്കുവാനും, ഗാന്ധിജി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. യാത്ര കടന്നു പോയ പ്രദേശത്ത് നാനൂറിലധികം ഗ്രാമത്തലവന്‍മാര്‍ തങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഉപേക്ഷിച്ചു ഗാന്ധി  സംഘത്തെ പിന്‍തുടര്‍ന്നു. തുടക്കത്തില്‍ ചെറുതായിരുന്ന അനുയായി സംഘം വളര്‍ന്നു അനേകായിരം സത്യാഗ്രഹികളുളള അക്രമരാഹിത്യസൈന്യമായി തീര്‍ന്ന വസ്തുത പലരിലും വിസ്മയം ജനിപ്പിച്ചു.
ഏഴ് : നദികളും, വനസമ്പത്തും, എന്തിനേറെ കടല്‍മണല്‍ വരെ ബഹുരാഷ്ട്ര കമ്പനികള്‍ക്കു വിറ്റു ധനാഗമ മാര്‍ഗ്ഗം തേടുന്ന ആധുനിക ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ട പാഠങ്ങളും ദണ്ഡിയാത്ര വഴി ഗാന്ധി നല്‍കുന്നുണ്ട്. നീതീകരിക്കാനാകാത്ത നികുതികളും ജനജീവിതം ദു:സ്സഹമാകുന്ന ഭരണനടപടികള്‍ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അനുബന്ധമായി നാം മനസ്സിലാക്കണം.
എട്ട് : ഗാന്ധിയുടെ വഴി പിന്തുടര്‍ന്നു സര്‍വ്വോദയദര്‍ശനം വികസിപ്പിച്ചെടുത്ത വിനോബജി നല്‍കിയ സന്ദേശവും ഇത്തരുണത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭൂമി, ജലം, വായു-എന്നിവ പൊതു സ്വത്താണെന്നും പ്രത്യേകിച്ച് ആര്‍ക്കും ഇവകളില്‍ ആധിപത്യാവകാശമില്ലെന്നും   അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു.

ഒമ്പത്:  ജനശബ്ദം അനീതിയ്‌ക്കെതിരെ ജനശക്തി വികസനത്തിന് എന്ന പാഠവും ഈ ഐതിഹാസിക സമരമുറ നമുക്ക് നല്‍കി. ലക്ഷ്യവും മാര്‍ഗ്ഗവും തമ്മിലുളള അഭേദ്യ ബന്ധത്തെപ്പറ്റിയും  അടിവരയിട്ട് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു  മഹാസംഭവമായി മാറി ഭാരതമെമ്പാടും നടന്ന ഉപ്പ്‌സത്യാഗ്രഹ പരിപാടികള്‍.
പത്ത് : സംശുദ്ധമായ മാര്‍ഗ്ഗം അവലംബിച്ചു നടത്തുന്ന പ്രയത്‌നങ്ങള്‍ പരാജയപ്പെട്ടാലും  ദുഖിക്കേണ്ടതില്ലെന്നും പലവട്ടം ഗാന്ധി രാഷ്ട്രത്തെ ഓര്‍മിപ്പിച്ചിരുന്നു. ജനന•യും ജനപങ്കാളിത്തവും ലക്ഷ്യമാക്കി കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നുളള ഗാന്ധി നിര്‍ദ്ദേശം ഒരു പരിധി വരെ മാത്രമേ നാം കേള്‍ക്കുന്നുളളൂ.
പതിനൊന്ന് : തിന്‍മയെ എതിര്‍ക്കുവാനുളള ശക്തി ജനങ്ങള്‍ക്കുണ്ടാകണമെന്നും ഭരണ വര്‍ഗ്ഗവും ജനങ്ങളും സഹകരണത്തിന്റെ പാത കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നുളള പാഠവും ഉപ്പു സത്യാഗ്രഹം നമുക്ക് നല്‍കുന്നു.  യാതൊരായുധവും ഉപയോഗിക്കാതെയുളള ഒരു ജനമുന്നേറ്റമായിരുന്നു ഉപ്പ് സത്യാഗ്രഹം. സര്‍വ്വകാല പ്രസക്തിയുളള ഒരു മഹാ വിപ്ലവം.




No comments:

Post a Comment

SALT SATYAGRAHA----REFLECTIONS

KmÔnPnbpsS ZWvUnbntebv¡pÅ bm{XbpsS XpS¡hpw, D¸p kXym{Klw \ÂIp¶ ]mT§fpw þ HcmapJw tUm.F³.cm[mIrjvW³ k_ÀaXn B{ia¯n \n¶v KmÔnPn ZWv...