മദ്യ-ലഹരി വിമുക്തഭവനങ്ങള്‍
മദ്യനയത്തിലുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി മീഡിയ ഫൗണ്ടേഷന്‍ തിരുവനന്തപുരം മരപ്പാലത്തുള്ള ഓഫീസില്‍ മാര്‍ച്ച് 31 ന് രാത്രി 8 മണിക്ക് നടത്തിയ ചര്‍ച്ചയില്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ അവതരിപ്പിച്ച മുഖ്യപ്രബന്ധം
മദ്യസേവ മൗലിക അവകാശമല്ലെന്നുള്ള ഹൈക്കോടതി വിധി കോടതികളിലുള്ള ജനങ്ങളുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം താത്ക്കാലികമായെങ്കിലും ഉറപ്പിച്ചിരിക്കുന്നു. മദ്യനിരോധനത്തിന് വേണ്ടി ശക്തിയായി വാദിച്ചുക്കൊണ്ടിരിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കും, കെ.പി.സി.സി.പ്രസിഡന്റ് ശ്രീ.വി.എം.സുധീരനും ശക്തമായ നിയമനടപടികള്‍ സ്വീകരിച്ച മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടിക്കും തത്ക്കാലം ആശ്വസിക്കാം. മദ്യ-ലഹരി വിമുക്തകേരളത്തിനു വേണ്ടി പോരാടിയ ഗുരുനാഥന്‍ പ്രൊഫ.എം.പി.മന്മഥന്‍ രചിച്ച ഒരു പ്രാര്‍ത്ഥനയുടെ നാലുവരികള്‍ ഓര്‍മ്മിച്ചുകൊണ്ട് അല്‍പ്പം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഉചിതമായിരിക്കും.
വിദ്യാലയത്തേക്കാള്‍ ദേവാലയത്തേക്കാള്‍
മദ്യാലയത്തിനു സ്ഥാനമേകി
നാടുമുടിപ്പോര്‍ക്കു ബോധമുദിക്കുവാന്‍
കാരുണ്യവാരിധേ കൈ തൊഴുന്നേന്‍.
തികച്ചും വേദനാജനകമെന്നതിലുപരി ലജ്ജാകരമായും അപകടകരമായ വിധത്തിലും വളര്‍ന്നു കഴിഞ്ഞിരിക്കുന്ന മലയാളിയുട മദ്യാസകതി കേവലം സര്‍ക്കാരിന്റെ മദ്യനിരോധന തീരുമാനം വഴി ഇല്ലാതാക്കുവാന്‍ കഴിയുമെന്ന് വിശ്വാസിക്കാനാവില്ല. മറ്റെന്തിനെക്കാളുപരി മദ്യത്തിനും-മയക്കുമരുന്നിനും പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് നമ്മുടേതെന്ന് വരുമ്പോള്‍ നാമെങ്ങോട്ടുപോകുന്നു എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
പരിപാവനമെന്നു കരുതപ്പെട്ടു പോരുന്ന മലയാളിയുടെ മിക്ക പൊതുസന്ദര്‍ഭങ്ങളും, വേദികളും മദ്യത്തിന്റെ മണം നിറഞ്ഞതാണ്. ജന്മദിനാഘോഷങ്ങള്‍, ദേവാലയങ്ങളിലെ ഉത്സവവേദികള്‍, വിവാഹആലോചനയില്‍ തുടങ്ങി കല്ല്യാണം വരെയുള്ള അവസരങ്ങള്‍, മരണ ദിവസം മുതലുള്ള മരണാനന്തരചടങ്ങുകള്‍, പരീക്ഷയ്ക്കു തയ്യാറെടുക്കല്‍ തുടങ്ങി ഫലം വരുന്നതുവരെ, ജോലികിട്ടിയാലും കുടിക്കും, കിട്ടിയില്ലെങ്കിലും കുടിക്കും, പ്രമോഷന്‍ കിട്ടാനും-കിട്ടുമ്പോഴും, എന്തിനേറെ മദ്യവും, മറ്റു ലഹരി പദാര്‍ത്ഥങ്ങളും സര്‍വവ്യാപിയായും സര്‍വനാശകാരിയുമായി വിലസുന്ന ഒരു സംസ്‌കാരം നാം വികസിപ്പിച്ചെടുത്തിരിക്കുന്നു.
മദ്യ-ലഹരിപദാര്‍ത്ഥങ്ങളോടു താല്‍പര്യം ഇല്ലാത്തവരെ, ഉപയോഗം എതിര്‍ക്കുന്നവരെ, മ്ലേച്ചന്മാരും തരംതാണവരുമായികാണുന്ന ഒരു മനോഭാവം. കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ പുതിയതായി എത്തിയ രണ്ടുവിദ്യാര്‍ത്ഥികളെ മദ്യം കഴിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കുളിമുറിയില്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട് റാഗിംഗ് ആഘോഷിച്ച സംഭവം നാം പലരും മറന്നിരിക്കില്ല. അതുപോലെ ഭക്ഷണപ്പൊതിയോടൊപ്പം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയുള്ള കുട്ടികള്‍ മദ്യ-മയക്കുമരുന്നുകള്‍ യഥേഷ്ടം വിതരണം ചെയ്യുന്നതും, ഉപയോഗിക്കുന്നതും തടയാനും നമുക്ക് കഴിയുന്നില്ല.
അപകടകരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തിയും മദ്യലഹരിയും, ഉപയോഗവും ഫലപ്രദമായി, യുദ്ധാടിസ്ഥാനത്തില്‍ തടയുവാന്‍ നമുക്ക് കഴിയണം. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടം-തിരുവോണം ദിവസങ്ങളില്‍ മാത്രം 92 കോടിയുടെ മദ്യം മലയാളികള്‍ കുടിച്ചു മദിച്ചുവെന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴരകോടി കൂടുതലാണിത്. ബീവറേജ് കോര്‍പ്പറേഷന്റെ മാത്രം കണക്കാണിത്. പഞ്ചനക്ഷത്രഹോട്ടലുകളില്‍കൂടിയും, അവ്യവസ്ഥിതമാര്‍ഗ്ഗത്തില്‍കൂടിയും ലഭിക്കുന്ന കേരളത്തിലേയ്ക്ക് ഒഴുകുന്ന മദ്യത്തിന്റെ കണക്ക് ഇക്കൂട്ടത്തില്‍പ്പെടുന്നില്ല. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ കൂടി ദിവസവും എത്തുന്ന മദ്യക്കുപ്പികളുടെ കണക്കും ഇതിലില്ല.
ദൈവമെ, നമുക്ക് എന്ത് പറ്റി? ഇതില്‍ നിന്നും മോചനം ആവശ്യമില്ലേ? സര്‍ക്കാരിന്റെ തലയില്‍ എല്ലാ ചുമതലയും, കുറ്റവും, കുറവും ഏല്‍പ്പിച്ച ശേഷം നിശബ്ദനായിരിക്കുകയോ, ആത്മവിമര്‍ശനം നടത്തി പടുകുഴിയിലേക്ക് അറിയാതെ താണുകൊണ്ടിരിക്കുകയോ, ചെയ്യാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട, ജാഗരൂകരാകേണ്ട കാലം വന്നിരിക്കുന്നു. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും :
'അഹിംസാ മാര്‍ഗ്ഗത്തില്‍ കൂടി നമ്മുടെ ലക്ഷ്യം (സ്വരാജ്) നേടണമെങ്കില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും പിടിയില്‍പ്പെട്ടുഴലുന്ന ലക്ഷക്കണക്കിനു പുരുഷന്മാരുടെയും, സ്ത്രീകളുടെയും വിധി ഭാവിയില്‍ വരാന്‍ പോകുന്ന ഒരു ഗവണ്‍മെന്റിന് വിട്ടുകൊടുത്തിട്ട് നാം വെറുതെ ഇരുന്നാല്‍ പോരാ... ഈ പരിഷ്‌ക്കാരം ത്വരിതപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സവിശേഷമായ സന്ദര്‍ഭം ഉണ്ടാകണം. അവരുടെ സ്‌നേഹനിര്‍ഭരമായ സേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മദ്യാസക്തരായ ആളുകളെ സമീപിക്കുകയും ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് അവരെ വ്യതിചലിപ്പിക്കുകയും ചെയ്യാവുന്നതാണ്.'
സമഗ്രവിദ്യാഭ്യാസ-ബോധവല്‍ക്കരണ പരിപാടികളുടെ പ്രാധാന്യം
മുതിര്‍ന്ന പൗരന്മാരില്‍ നിന്ന് കുട്ടികളിലേയ്ക്കും, സ്ത്രീകളിലേയ്ക്കും പടര്‍ന്നിറങ്ങിയിരിക്കുന്ന മദ്യത്തിന്റെ അനിയന്ത്രിത ഉപയോഗത്തിനെതിരെ പൊതുസമൂഹം ജാഗരൂകരായി സമര്‍പ്പണമനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ട കാലഘട്ടം വന്നിരിക്കുന്നു. കൂറെ പൊതുയോഗങ്ങള്‍ നടത്തിയതുകൊണ്ടോ, ലഘു രേഖകള്‍ വിതരണം ചെയ്തതുകൊണ്ടോ, ഒന്നോ രണ്ടോ ഡോക്യുമെന്ററികള്‍ തയ്യാറാക്കിയത് കൊണ്ടോ, പൊതുസഭകള്‍ നടത്തിയത് കൊണ്ടോ, മനുഷ്യചങ്ങലകള്‍ തീര്‍ത്തതു കൊണ്ടോ ഫലപ്രദമായി തടയുവാന്‍ കഴിയുന്ന ഒരു വിപത്തല്ലിതെന്ന് നാം മനസ്സിലാക്കണം. മേല്‍പ്പറഞ്ഞ ഒരു പ്രവര്‍ത്തനത്തിന്‍െയും പ്രാധാന്യം കുറച്ചു കാണാനും നാം ശ്രമിക്കരുതെന്ന് കൂടി ഈ അവസരത്തില്‍ സൂചിപ്പിക്കട്ടെ. ഇവിടെ മന്മഥന്‍ സാറിന്റെ വാക്കുകള്‍ ഓര്‍ക്കാം ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ നാമെന്തു ചെയ്യണം. അദ്ദേഹം ചോദിച്ചു. മദ്യത്തെ മനസാ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന സമൂഹങ്ങളുടെ സംഘടിത ശക്തി ഒന്നുണര്‍ന്നാല്‍ ഈ മഹാവിപത്തിനെ ഒറ്റദിവസം കൊണ്ട് ഇവിടെ നിന്ന് കെട്ടുകെട്ടിക്കുവാന്‍ നിഷ്പ്രയാസം സാധിക്കും. ഈ ഉറങ്ങുന്ന സിംഹത്തെ അഥവാ നമ്മുടെ സമൂഹത്തിലെ അജയ്യമായ ധാര്‍മ്മിക ജനശക്തിയെ എങ്ങനെ ഉണര്‍ത്തും?
മദ്യം വിഷമാണെന്നോതിയ നമ്മുടെ
സദ്ഗുരുദേവന്‍ പിറന്ന നാട്ടില്‍
മദ്യം വിഷം കൊണ്ടു മര്‍ത്യരെക്കൊല്ലുന്ന
ദുഷ്ടത വാഴുന്ന കാലം വന്നു--
മനുഷ്യനെ മൃഗമാക്കുന്ന, മദ്യമെന്ന വിഷത്തെ, രാക്ഷസനെ ഉപാസിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നത് നാടിനും നമുക്കും ഭൂക്ഷണമാണോയെന്നു ആലോചിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികളെ ഡോക്ടറായും, എഞ്ചിനീയറായും, ഐ.എ.എസുകാരുമായി മാറ്റുവാനുള്ള നമ്മുടെ തത്രപ്പാടില്‍, അവരുടെ ബാല്യകാലത്തില്‍, വിദ്യാലയങ്ങളില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്താണെന്ന് കൂടി നാം മനസിലാക്കണം. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ അകപ്പെടുന്ന കുട്ടികളുടെ സംഖ്യ വലുതായിക്കൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ നിര്‍ബന്ധിതരാകുന്ന അധ്യാപകര്‍ക്ക് കുട്ടികളുടെ മാനസിക വ്യാപാരത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവെന്നു വിശ്വസിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് അവരുടെ മനസ് വായിച്ചെടുക്കുവാനും കഴിയുന്നില്ല.
ഇന്റര്‍നെറ്റും, കമ്പ്യൂട്ടറും, നെറ്റും, സോഷ്യല്‍ മീഡിയകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ ആഴം കൂട്ടുന്നുവെന്ന വസ്തുത എത്രപേര്‍ ഓര്‍ക്കുന്നു. മദ്യ-മയക്കുമരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗ വര്‍ദ്ധനവില്‍ ഈ നവാഗതരുടെ പങ്ക് വളരെ വലുതാണെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മദ്യ-മയക്കുമരുന്ന്-രഹിത ഭവനങ്ങള്‍
ഒരു സ്വപ്‌ന പദ്ധതിയെന്നോണം മഞ്ചേശ്വരത്തുള്ള ഒരു ഗ്രാമത്തില്‍ ഞങ്ങളുടെ ചില സുഹൃത്തുകളുടെ ശ്രമഫലമായി മദ്യ-മയക്കുമരുന്നു രഹിത ഭവനങ്ങള്‍ എന്ന പദ്ധതിക്കു വിനോബ-വെങ്കിടേശ് റാവു ശാന്തി സേനാ സെന്റര്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. സംഘര്‍ഷരഹിത വിദ്യാലയമെന്ന ഗാന്ധിയന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ തുടങ്ങിയ ഈ പരിപാടി നൂറിലധികം വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്നു. കൂടുതല്‍ കുട്ടികളും, രക്ഷാകര്‍ത്താക്കളും താല്പര്യം പ്രകടിപ്പിച്ചുവരുന്ന ഈ പദ്ധതി വരും ദിനങ്ങളില്‍ ശക്തിപ്രാപിക്കുമെന്നു ഞങ്ങള്‍ വിസ്വസിക്കുന്നു. അമ്മമാരുടെയും, സഹോദരിമാരുടെയും, കുട്ടികളുടെയും, യുവജനങ്ങളുടെയും ശക്തമായ ഒരു നിര--മദ്യത്തെ വെറുക്കുന്ന, മയക്കുമരുന്നുകള്‍ ഉപയോഗിക്കാത്ത ഒരു തലമുറ ഇവിടെ രൂപപ്പെട്ടു വരേണ്ടതുണ്ട്.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന, മയക്കുമരുന്നു വ്യാപരത്തില്‍ കൂടി കോടികള്‍ സമ്പാദിക്കുന്ന സാമൂഹിക ദുഷ്ടശക്തികളെ തോല്‍പ്പിക്കുവാന്‍ ജനശക്തി സ്വരൂപിക്കുന്നതില്‍ ഏകമനസായി പൊതുസമൂഹം പ്രവര്‍ത്തിക്കേണ്ട കാലം വന്നിരിക്കുന്നു. മദ്യ-ലഹരി വിമുക്ത കേരളം, സ്വപ്‌നം മാത്രമാകാതെ യാഥാര്‍ത്ഥ്യമാകട്ടെ, നമുക്കെല്ലാം പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം, സഹകരിക്കാം.
No comments:
Post a Comment