നെഹ്‌റുവിന്റെ ഗാന്ധി
മെയ് 27, സ്വതന്ത്രഭാരത ശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 52-ാം ചരമവാര്‍ഷികം.
ബഹുമുഖ പ്രതിഭയും ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ഭരണാധികാരിയെന്ന നിലയിലും, മനുഷ്യസ്‌നേഹി, ചേരിചേരാനയത്തിന്റെ ഉപഞ്ജാതാവ്, പഞ്ചശീലതത്വത്തിന്റെ ശില്‍പി എന്ന നിലയിലെല്ലാം ആദരവ് ഏറ്റുവാങ്ങിയ ഈ മഹനായ രാഷ്ട്രനേതാവിന്റെ സ്മരണയ്ക്ക് മുന്‍പില്‍ വിനയപൂര്‍വ്വം പുഷ്പം അര്‍പ്പിക്കുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തിത്വങ്ങളായിരുന്നു.
ഗാന്ധിജിയെ അന്ധമായി അനുകരിക്കാനോ അനുസരിക്കാനോ കൂട്ടാക്കാത്ത കുശാഗ്രമതിയും നിഷ്പക്ഷചിന്തകനും ദേശസ്‌നേഹിയുമായിരുന്ന നെഹ്‌റുവിനെ എന്ത് കൊണ്ട് ഗാന്ധി തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു എന്ന വിഷയം എല്ലാക്കാലത്തും സജീവ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
സി.രാജഗോപാലാചാരി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ.രാജേന്ദ്രപ്രസാദ്, മൗലാനാ അബുള്‍കലാം ആസാദ്, ജെ.ബി.കൃപലാനി, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ ഗാന്ധിദര്‍ശനങ്ങളുടെ മികവുറ്റ പ്രതിനിധികളും കടുത്ത ഗാന്ധിഭക്തന്മാരുമായി അറിയപ്പെട്ടിരുന്നിട്ടും ഇവരെയെല്ലാം പിന്തള്ളി ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു ഗാന്ധി സ്വതന്ത്രഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ട ചുമതല നല്‍കിയത്.
ഗാന്ധിജിയുടെ കടുത്ത വിമര്‍ശകനായിരുന്നു നെഹ്‌റുവെന്നും ഗാന്ധിചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ ഇല്ലായിരുന്നുവെന്നും വാദിക്കുന്നവര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറെയുണ്ട്. സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ ആകൃഷ്ടനായി റഷ്യന്‍ പാളയത്തില്‍ ഇന്ത്യയെ തളച്ചിട്ട നെഹ്‌റു ഗാന്ധിയോട് കടുത്ത അനാദരവാണ് കാട്ടിയതെന്ന് വാദിക്കുന്നവരുടെ സംഖ്യയും ഏറെയാണ്.
ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇടയില്‍ നിലനിന്നിരുന്ന ഗാഢമായ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഴവും പരപ്പും മനസ്സിലാക്കിയിട്ടില്ലാത്തവരായിരിക്കാം ഇത്തരം കടുത്ത വിമര്‍ശനത്തിന് തുനിയുന്നത്.
'ഭാരതത്തിന്റെ രത്‌നം' (ദി ജ്യുവല്‍ ഓഫ് ഇന്ത്യ) എന്നാണ് ഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഗാന്ധിയെപ്പറ്റി നെഹ്‌റുവിന്റെ വിശകലനങ്ങളും, വിലയിരുത്തലുകളും, അഭിപ്രായപ്രകടനങ്ങളും ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ ഒരു തലത്തെയാണ് നമുക്ക് നല്‍കുന്നത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തേയും സിദ്ധാന്തങ്ങളേയും കര്‍മ്മപരിപാടികളേയും കുറിച്ച് ചെയ്ത പ്രസ്താവനകളിലും എഴുതിയിട്ടുള്ള ലേഖനങ്ങളും സ്വതന്ത്രഭാരതത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ ചിന്തകളും ഗാന്ധിജിയുടെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിറ്റ്ജി ചെയ്ത അപഗ്രഥനം, ഭാരതത്തിന്റെ എന്നല്ല, മനുഷ്യ സമൂഹത്തിന്റെ ഭാവിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്ന ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ഗാന്ധിജിയെപ്പറ്റി നെഹ്‌റു നടത്തിയ അവിസ്മരണീയ വിശകലനങ്ങള്‍ ശ്രദ്ധേയമായ ഉദ്ധരണികളായി നമ്മുടെ നാവില്‍ നിറഞ്ഞുനില്‍ക്കും. അവയില്‍ക്കൂടി ഒന്ന് കണ്ണോടിക്കുന്നത് ഈയവസരത്തില്‍ ഉചിതമായിരിക്കും.
'പലകാര്യങ്ങള്‍ കൊണ്ടും ലോകത്തില്‍ മഹത്തായ ഒരു സ്ഥാനമാണ് ഇന്ന് ഇന്ത്യ നേടിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം മഹാത്മാഗാന്ധിയാണ്. അദ്ദേഹമാണ് ഇന്ത്യയ്ക്ക് ഇന്നത്തെ മഹിതമായ ഔന്നത്യം നല്‍കിയത്. ആ ഔന്നത്യമാകട്ടെ ഇന്ത്യയുടെ സൈനിക ശക്തിയോ നാവികശക്തിയോ സമ്പത്തോ കൊണ്ടുണ്ടായതല്ല. ലോകമൊട്ടാകെയുളള രാഷ്ട്രീയ തന്ത്രജ്ഞന്മാരും ധാര്‍മ്മികമണ്ഡലത്തില്‍ ലോകം പൊതുവെയും പ്രകടമാക്കുന്ന അല്‍പത്വം ഈ മഹാപുരുഷന്‍ തുറന്നുകാട്ടിയതുകൊണ്ടു മാത്രമാണ് അതുണ്ടായത്. ജനങ്ങള്‍ ഇന്ത്യയെ സദാചാരമായ കാഴ്ചപ്പാടിലൂടെ നോക്കാനിടയാവുകയും അങ്ങനെ ഇന്ത്യ ഇന്നത്തെ സ്ഥാനം നേടുകയും ചെയ്തു. നമ്മളില്‍ അധികംപേരും നിസ്സാരന്മാരും ഗാന്ധിയെ പിന്തുടരുന്നതിന് അര്‍ഹരുമാണെങ്കില്‍പോലും ഇന്ത്യ അദ്ദേഹത്തിന് ജന്മം നല്‍കി എന്നതുകൊണ്ടു മാത്രം അവരുടെ ധാരണ ശരിയായിരുന്നു.'
ഗാന്ധിദര്‍ശനങ്ങളുടെ സര്‍വ്വകാല പ്രസക്തിയും മാനവമൈത്രി ഊട്ടി ഉറപ്പിക്കുന്നതില്‍ ഗാന്ധി നല്‍കി സംഭാവന മറ്റാരെക്കാളും മനസ്സിലാക്കിയശേഷം അന്താരാഷ്ട്രതലത്തില്‍ നെഹ്‌റു നടത്തിയ ഉദ്‌ബോധനങ്ങള്‍ ഗാന്ധി-നെഹ്‌റു ബന്ധത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്.
'രാജ്യങ്ങള്‍ മഹോന്നതങ്ങളാവുന്നതും സ്വാതന്ത്ര്യം നേടുന്നതും വിദ്വേഷവും അക്രമവും അസഹിഷ്ണുതയും കൊണ്ടല്ല എന്ന് അദ്ദേഹം നമ്മോട് പറഞ്ഞിട്ടുണ്ട്. ഒട്ടൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വം സ്വീകരിച്ചതുകൊണ്ടാണ് സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത്. ഭയം, വിദ്വേഷം, അക്രമം എന്നിവയുടെ ദൂഷിത വലയത്തിനുള്ളില്‍ ലോകം ഇന്ന് അകപ്പെട്ടിരിക്കുകയാണ്. മറ്റു മാര്‍ഗ്ഗങ്ങളും ഉപായങ്ങളും അവംലബിക്കാതെ ലോകത്തിന് ഭയത്തിന്റേതായ ഈ ദൂഷിതവലയത്തില്‍ നിന്നും പുറത്ത് കടക്കുവാന്‍ സാധ്യമല്ല. അതിനാല്‍ സത്തായ മാര്‍ഗ്ഗങ്ങള്‍ അനിവാര്യമായും ഉത്തമമായ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്തോടെ നമുക്ക് നേരായ മര്‍ഗ്ഗത്തെത്തന്നെ അവലംബിക്കാം. ഇന്ന് ലോകത്തിന് ആവശ്യമായിത്തീര്‍ന്നിരിക്കുന്ന ഏകീകരണത്തിനും സമന്വയത്തിനും വേണ്ടി നമുക്ക് ശ്രമിക്കാം.'
ഗാന്ധിയുടെ രക്തസാക്ഷിത്വം സാധാരണജനങ്ങളില്‍ വരുത്തിയ മാറ്റം വിവരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കാവ്യഭാവന ചിറകുവിടര്‍ത്തി പൂര്‍ണ്ണരൂപത്തില്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നതുപോലെ.
'അദ്ദേഹത്തിന്റെ മരണത്തിലുമുണ്ട് ഒരു മഹത്വവും തികഞ്ഞ കലാഭംഗിയും. ഏതുനിലപാടിലൂടെ നോക്കിയാലും ആ മനുഷ്യനും അദ്ദേഹം നയിച്ച ജീവിതത്തിനും തികച്ചും അനുരൂപമായ ഒരു പരിസമാപ്തമായിരുന്നു അത്. നിശ്ചയമായും അദ്ദേഹത്തിന്റെ ജീവിതതത്വത്തെ സമുന്നതമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശക്തികള്‍ അവയുടെ പൂര്‍ണ്ണതയില്‍ എത്തിയപ്പോഴാണ് മരണം സംഭവിക്കുന്നത്. തീര്‍ച്ചയായും അദ്ദേഹം മരിക്കുന്നതിന് ഇഷ്ടപ്പെട്ടിരിക്കാനിടയുള്ള ഒരു സന്ദര്‍ഭത്തില്‍ത്തന്നെയാണ്- പ്രാര്‍ത്ഥനാവേളയില്‍ അതുസംഭവിക്കുന്നത്. അദ്ദേഹം മരിക്കുന്നത് രക്തസാക്ഷിയായിട്ടാണ്- ഐക്യത്തിന്റെ രക്തസാക്ഷി. എല്ലാക്കാലത്തും ഐക്യത്തിന് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടിരുന്നത്. അതിനുവേണ്ടി അദ്ദേഹം നിസ്തന്ദ്രം പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രത്യേകിച്ചും ജീവിതത്തിന്റെ ഒടുവിലത്തെ ഘട്ടത്തില്‍. എല്ലാമനുഷ്യരും പെട്ടെന്നു മരിക്കണമെന്നു വേണമല്ലോ ആഗ്രഹിക്കാന്‍. അദ്ദേഹം മരിച്ചതും പെട്ടന്നാണ്, ശരീരം ക്രമേണ ക്രമേണ ദുര്‍ബ്ബലമായി വരുകയോ, നീണ്ട രോഗം പിടികൂടുകയോ,പ്രായമാകുമ്പോഴുണ്ടാകുന്ന മാതിരി ഓര്‍മ്മശക്തി ഇല്ലാതാവുകയോ ഒന്നും സംഭവിച്ചില്ല. പിന്നെയെന്തിനായിട്ടു നാം അദ്ദേഹത്തെക്കുറിച്ചോര്‍ത്തു ദുഃഖിക്കണം.'
ഗാന്ധിയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനായി ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തിയ ജവഹര്‍ലാല്‍ നെഹ്‌റു ഒരു പക്ഷെ ഗാന്ധിജിയുടെ സ്വാധീനത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ മറ്റൊരു വ്യക്തിത്വമായി മാറിയേനെ.
'അദ്ദേഹത്തെക്കുറിച്ചും നാം ഓര്‍ക്കുന്നത് നമ്മുടെ ഗുരുദേവനെക്കുറിച്ചോര്‍ക്കും പോലെയാണ്. അന്ത്യം വരെ അദ്ദേഹത്തിന്റെ പാദപതനം മൃദലമായിരുന്നു. അദ്ദേഹത്തിന്റെ പുഞ്ചിരി മറ്റുള്ളവരിലും പുഞ്ചിരി പരത്തി. ആ കണ്ണുകളില്‍ എപ്പോഴും ആഹ്ലാദം നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള സങ്കല്പത്തില്‍ ശാരീരികമോ മാനസികമോ ആയ ശക്തിക്ഷയത്തിന് സ്ഥാനമില്ല. ശക്തിയുടെയും കഴിവുകളുടെയും പരകോടിയില്‍ അദ്ദേഹം ജീവിക്കുകയും മരിക്കുകയും ചെയ്തു. നമ്മുടെയും നാം ജീവിക്കുന്ന കാലഘട്ടത്തിന്റെയും ഹൃദയത്തില്‍ അദ്ദേഹം അവശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിനു ഒരു കാലത്തും മങ്ങാനൊക്കുകയില്ല.'
ഭാരത സാംസ്‌കാരിക പൈതൃകത്തിന്റെ പൂര്‍ണ്ണ പ്രതീകമായിട്ടാണ് നെഹ്‌റു ഗാന്ധിജിയെ കണ്ടത്.
'ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അഗാധമാണ്. ഗാന്ധിജി സ്വതേ തന്നെ ചരിത്രതല്‍പരനായിരുന്നില്ല. ചിലയാളുകള്‍ക്കുള്ളതുപോലെ അദ്ദേഹത്തിന് ചരിത്രബോധമോ ചരിത്രാഭിമുഖ്യമോ ഉണ്ടായിരുന്നതുമില്ല. എങ്കിലും ഇന്ത്യന്‍ ജനതയുടെ ചരിത്രത്തിന്റെ വേരുകളെക്കുറിച്ച് അദ്ദേഹത്തിന് അടുത്ത അറിവും അഗാധമായ ബോധ്യവുമുണ്ടായിരുന്നു. ആനുകാലിക സംഭവങ്ങളെ അടുത്തറിയുകയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും ചെയ്തുപോന്ന അദ്ദേഹം അനിവാര്യമായിത്തന്നെ അധുനാതന ഭാരതീയ പ്രശ്‌നങ്ങളിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒരു പ്രശ്‌നമോ പ്രതിസന്ധി ഘട്ടമോ ആയിക്കൊള്ളട്ടെ, അതിന്റെ അപ്രധാനങ്ങളായ അംശങ്ങളെ മാറ്റിനിര്‍ത്തി സത്തയെ കണ്ടുപിടിക്കുവാനുള്ള കഴിവ് അദ്ദേഹം പ്രകടിപ്പിച്ച ്‌പോന്നു. താന്‍ ധാര്‍മ്മികമെന്ന് കരുതി വന്ന കാഴ്ചപ്പാടിലൂടെ ഏല്ലാറ്റിനെയും വീക്ഷിച്ചുവന്ന അദ്ദേഹത്തിന് അവയെപ്പറ്റി ശരിയായ ബോധവും ഒരു ദീര്‍ഘവീക്ഷണവും സ്വായത്തമായിത്തീര്‍ന്നു. ബര്‍ണാഡ് ഷാ ഒരിക്കല്‍ പറയുകയുണ്ടായി, ഗാന്ധിജി തന്ത്രപരമായ തെറ്റുകള്‍ എത്രതന്നെ വരുത്തിയാലും അദ്ദേഹത്തിന്റെ മുഖ്യനയം എപ്പോഴും ശരിയായിത്തന്നെ ഇരിക്കുമെന്ന്. മിക്കവാറും അധികംപേരും ഭാവിഫലത്തില്‍ തല്‍പരരല്ല. തല്‍ക്കാലത്തെ തന്ത്രപരമായ ലാഭത്തിലാണ് അവര്‍ക്ക് താല്‍പര്യം.'
ഗ്രാമങ്ങളുടെ പുനരുദ്ധാരണവും ഗ്രാമീണരുടെ ജീവിതത്തില്‍ ന്യൂതന ആവേശവും ശാസ്ത്രസാങ്കേതിക ബോധവും വരുത്തുന്നതിന് ഗാന്ധിജിക്കുണ്ടായിരുന്ന താല്‍പര്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഖാദിഗ്രാമ വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബൃഹത്തായ പദ്ധതികള്‍ക്ക് നെഹ്‌റു നേതൃത്വം നല്‍കിയത്.
'ഖാദിഗ്രാമവ്യവസായങ്ങള്‍ക്കു പര്യാപ്തമായ സഹായം ഗവണ്‍മെന്റ് നല്‍കുന്നില്ലെന്ന പരാതി ഞാന്‍ കേട്ടിട്ടുണ്ട്. ഈ വ്യവസായങ്ങള്‍ സഹജമായ ശക്തിയും ഓജസ്സും ഇല്ലാതെ അവയുടെ വികസനത്തിനും നിലനില്‍പ്പിനും ഗവണ്‍മെന്റ് സഹായം മാത്രം അവലംബിക്കുകയാണെങ്കില്‍ അവയ്ക്കു അധികകാലം നിലനില്‍ക്കുവാന്‍ സാധ്യമല്ല. ഈ പ്രശ്‌നത്തെയും അതിന്റെ ആന്തരമായ ഭാവങ്ങളെയും പറ്റി ഗാഢമായി പരിചിന്തനം ചെയ്യേണ്ടത് ഖാദിഗ്രാമവ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകരുടെ ചുമതലകളാണ്.
ചര്‍ക്ക, ഖാദി, ഗ്രാമവ്യവസായങ്ങള്‍ ഇവയ്ക്കു ഗാന്ധിജി പ്രാധാന്യം കല്‍പിക്കുകയുണ്ടായി. അദ്ദേഹം ചര്‍ക്കയെ ജനങ്ങള്‍ക്കു സമ്പത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പ്രതീകമാക്കി കാണിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് ഖാദിവ്യവസായത്തിന്റെ വിപ്ലവകരമായ ഭാവത്തിന് അതിന്റെ സാമ്പത്തികഭാവത്തെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു. ഇന്നാകട്ടെ ഖാദി വ്യവസായത്തിന്റെ വിപ്ലവകരമായ ഭാവത്തിന് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ട് അതു വികസിപ്പിക്കുവാന്‍ നമുക്ക് സാധിക്കുകയില്ലെന്നുള്ളത് സ്പഷ്ടമാണ്. അതിന്റെ സാമ്പത്തികഭാവത്തിന് വികാസം നല്‍കിയാല്‍ മാത്രമേ അതു സാമൂഹ്യശക്തിയാവുകയുള്ളൂ. ഖാദിഗ്രാമവ്യവസായങ്ങളെ ഒരു പുതിയമാര്‍ഗ്ഗത്തിലൂടെ നാം സമീപിചച്ചാല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഊന്നിപ്പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗവണ്‍മെന്റുസഹായത്തെ ഏറെയൊന്നും അവലംബിക്കാതെ സ്വശക്തിയുടെ ഉത്തേജനത്താല്‍ത്തന്നെ അവ ഇപ്പോള്‍ വികസിക്കേണ്ടതാണെന്ന കാര്യവും നാം അറിയേണ്ടതുണ്ട്.'
ശ്രീബുദ്ധന്‍ മുതല്‍ ഗാന്ധിവരെയുളള ചിന്താധാരയുടെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ജവഹര്‍ലാല്‍ നെഹ്‌റു സദ്പ്രവൃത്തിക്ക് ഗാന്ധി നല്‍കിയ ഊന്നല്‍ എല്ലാക്കാലവും ജനങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു.
'സമുന്നതാദര്‍ശങ്ങളാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ബുദ്ധന്റെ കാലം മുതല്‍, നമുക്കു സത്പ്രവൃത്തിക്കുള്ള മാര്‍ഗ്ഗോപദേശം ചെയ്ത ഗാന്ധിജിയുടെ കാലം വരെ എല്ലായ്‌പ്പോഴും ഭാരതീയചിന്താഗതിയുടെ പശ്ചാത്തലമായിരുന്ന ഉല്‍കൃഷ്ടതത്ത്വങ്ങളെ നാം ആശ്രയിക്കേണ്ടതുണ്ട്. ദര്‍ശം, ആത്മസഹിഷ്ണുത, സഹാനുഭൂതി, സുഖദുഃഖങ്ങളില്‍ ചഞ്ചലമാവാത്ത സമചിത്തത ഇവയാണ് മഹത്വത്തിന്റെ ഉറവിടങ്ങള്‍. വിദ്വേഷവും അക്രമവും അഭ്യന്തരകലഹവും കൊണ്ടല്ല നാം യഥാര്‍ത്ഥമായി പുരോഗമിക്കുന്നത്. ആധുനിക ലോകത്തിലെന്ന പോലെ നമ്മുടെ രാജ്യത്തിലും ഇനിമേല്‍ ബലപ്രയോഗത്തിന്റെ തത്ത്വശാസ്ത്രം ഫലപ്രദമല്ല. സമാധാനപരമായ സഹകരണവും പരസ്പരസഹിഷ്ണുതയുമാവണം നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം.'
ഗാന്ധി വിമര്‍ശനം, ഗാന്ധിനിന്ദ, ഗാന്ധിഭര്‍സനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഈ പ്രവണതയെപ്പറ്റി നെഹ്‌റു നടത്തിയ പരാമര്‍ശം ഓര്‍ക്കുന്നത് ഉചിതമായിരിക്കും.
'ചിലര്‍ ഏകപക്ഷീയവും സങ്കുചിതവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് ഗാന്ധിജിയെ കാണുന്നത്. ഒരു പക്ഷെ നമുക്കാര്‍ക്കുംതന്നെ അദ്ദേഹത്തിന്റെ ബഹുമുഖമായ സ്വഭാവസവിശേഷത്തിന്റെ എല്ലാഭാവങ്ങളും മനസ്സിലാക്കുവാന്‍ തികച്ചും കഴിയുന്നില്ല. ആ ശ്രദ്ധേയമായ സത്ത്വരൂപം പൂര്‍ണ്ണമായും നാം കാണുന്നില്ലെന്നു മനസ്സിലാക്കാതെ അതിന്റെ ഒന്നോ രണ്ടോ ഭാവങ്ങളെ മാത്രം നാം മുറുകെ പിടിക്കുകയാണ്. വളരെയധികം പേര്‍ അദ്ദേഹം പറഞ്ഞതിനെ അക്ഷരാര്‍ത്ഥത്തിലേ സ്വീകരിച്ചുളളൂ. അവര്‍ അതിന്റെ ഭാവാര്‍ത്ഥത്തെ കണക്കാക്കിയില്ല. അവയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ തത്വങ്ങളെ അവര്‍ അവഗണിച്ചിരുന്നതായി ഞാന്‍ കരുതുന്നു. അദ്ദേഹം പലപ്പോഴും തന്റെ മനസ്സിന്റെ ക്ഷണികദര്‍ശനങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ടെന്ന വസ്തുത നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. അങ്ങനെ അഗാധവും വിശാലവുമായ ആ മനസ് ഇന്ത്യയിലെ ജനലക്ഷങ്ങളെ മാത്രമല്ല മനുഷ്യവര്‍ഗ്ഗത്തെ ഒന്നാകെ വീക്ഷിച്ചിരുന്നുവെന്ന് നാം മനസ്സിലാക്കി. '
'ഒരു പുണ്യശ്‌ളോകന്‍ ഇന്ത്യയുടെ മണ്ണിലൂടെ സഞ്ചരിക്കുകയും അതിനെ തന്റെ തപശ്ചര്യകൊണ്ട് പവിത്രമാക്കുകയും ചെയ്തു. അദ്ദേഹം ഇന്ത്യയുടെ മണ്ണിനെ പാവനമാക്കുക മാത്രമല്ല ചെയ്തത്. നമ്മുടെ ജനങ്ങളുടെ സ്വയം ബുദ്ധിമാന്മാരെന്നു കരുതുന്നവരുടെയല്ല. എളിയവരും ഭ്രഷ്ടരും നിരാശ്രയരുമായ ജനങ്ങളുടെ ഹൃദയത്തിലും മനസിലും ഒരു പരിവര്‍ത്തനം തന്നെ വരുത്തി. ഇന്ത്യയിലെ എളിയ ജനങ്ങള്‍ക്ക് തങ്ങളെക്കുറിച്ച് ചിന്തിക്കുകയും തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും കിരണം വീശുകയും ചെയ്യുന്ന ഒരു മഹാന്റെ ചിത്രമാണ് ആ പുണ്യശ്‌ളോകന്റേത്'
ഭാരതത്തിന് ഇതരരാഷ്ട്രസമുച്ചയത്തിന്റെ മുന്‍പില്‍ മാന്യമായ സ്ഥാനലബ്ദിക്കായി അനവരതം ശ്രമിക്കുകയും ഇന്ത്യയുടെ പൗരാണിക ശക്തിസ്രോതസ്സിന്റെ സര്‍വകാലപ്രസക്തി 'ഇന്ത്യകണ്ടെത്തലില്‍' മാത്രം ഒതുക്കി നിര്‍ത്താതെ മാനവരാശിക്ക് ഗാന്ധിജി നല്‍കിയ നവചൈതന്യം എല്ലാവിധത്തിലുമുള്ള അസ്വാതന്ത്ര്യത്തിനെതിരെയുള്ള ബഹുജനമുന്നേറ്റമാക്കിമാറ്റുന്നതിന് നെഹ്‌റു നല്‍കിയ സംഭാവന എല്ലാക്കാലത്തും ഓര്‍മ്മിക്കപ്പെടും.