ഏപ്രില്‍ 18-തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു ദിനം. തെലുങ്കാനയിലുള്ള
പോച്ചംപളളി ഗ്രാമം ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അനുഭൂതിയാണ് ചരിത്രമറിയാവുന്ന ആരിലും സൃഷ്ടിക്കുക. ഇവിടെയായിരുന്നു 1951-ല്‍ മഹര്‍ഷി വിനോബഭാവെയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ഭൂമിദാന പ്രസ്ഥാനത്തിന്റെ തുടക്കം. വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന വിനോബഭാവെയും ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവനാമ്പുകളില്‍ ഒന്നായിരുന്ന ഭൂമിദാന പ്രസ്ഥാനത്തെപ്പറ്റിയും സാമൂഹിക അനീതി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.
“എനിയ്ക്ക് ശിഷ്യരായി ആരും തന്നെ ഇല്ല, കാരണം ഞാന്‍ സ്വയം
ശിഷ്യനായി മാറുവാന്‍ ആഗ്രഹിക്കുന്നു, സ്വയം, ഗുരുവിന്റെ അന്വേഷണത്തിലാണ്.” മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്.
എങ്കിലും തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അദ്ധ്യാത്മിക പിന്‍ഗാമിയായി വിനോബ ഭാവയേയും ഗാന്ധിജി നിര്‍ദ്ദേശിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു പ്രിയങ്കരനും പ്രസിദ്ധനുമായ ജനനേതാവായി അറിയപ്പെട്ടിരുന്നത്‌കൊണ്ട് നെഹ്‌റുവിനെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചപ്പോള്‍ ജനങ്ങള്‍ക്ക് അദ്ഭുതം തോന്നിയില്ല. പക്ഷേ അക്കാലത്ത് സബര്‍മതി, സേവാഗ്രാം എന്നീ ആശ്രമങ്ങള്‍ക്ക് പുറത്ത് അറിയപ്പെടാതിരുന്ന ഒരു വ്യക്തിയായ വിനോബഭാവയെ ആദ്യത്തെ വ്യക്തി-സത്യാഗ്രഹിയായും അതുവഴി തന്റെ ആധ്യാത്മിക പിന്‍ഗാമിയുമായി ഗാന്ധിജി നിര്‍ദ്ദേശിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ അനേകം.
എന്നാല്‍ പില്‍ക്കാലത്ത് ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഭൂമിദാനം, ഗ്രാമദാനം, ജീവന്‍ദാനം, എന്നീ വിപ്ലവകരമായ പരിപാടികളില്‍ കൂടി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പുതിയ മാനവും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ആക്കം നല്‍കുകയും ചെയ്ത വിനോബഭാവ എക്കാലത്തേയും സമുന്നത വിപ്ലവകാരികളുടെ മുന്‍നിരയിലേക്ക് ഉയരുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയില്‍ ഗാന്ധി ചിന്തകളുടെ താക്കോലായി വിനോബ.
ഭാരതീയ ഋഷിസങ്കല്‍പ്പത്തിന് വ്യത്യസ്തമായ രൂപവും ഭാവവും അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും നിഴലിച്ചിരുന്നു. ഗാന്ധിജിയും വിനോബഭാവയും തമ്മിലുണ്ടായിരുന്ന അഗാധമായ വ്യക്തിബന്ധം, പരസ്പര ബഹുമാനത്തിലും, ആദരവിലും ,വിശ്വാസത്തിലും അധിഷ്ഠിതമായിരുന്നു.
വ്യത്യസ്തനായ വിപ്ലവകാരി
ഗാന്ധി ശിഷ്യന്മാരില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനത്തേക്ക് പില്‍ക്കാലത്ത് ഉയര്‍ന്ന വിനോബഭാവ തികച്ചും വ്യത്യസ്ഥമായ സ്വഭാവ മഹിമയും കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലിയുമുള്ള ദാര്‍ശനികനും പ്രവര്‍ത്തനോന്മുഖനുമായിരുന്നു.
ഗാന്ധിജിയുടെ സൃഷ്ടിപര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികതയുടെ രൂപം നല്‍കി ശാസ്ത്രീയ അടിസ്ഥാനത്തില്‍ വികസിപ്പിക്കുകയും അവകളെല്ലാം തന്നെ ആദ്ധ്യാത്മിക ചട്ടക്കൂടിനുള്ളില്‍ തുലനം ചെയ്ത് കാലത്തിന്റെ പ്രവാഹത്തില്‍ അന്തസത്ത നഷ്ടപ്പെടാതെ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ അദ്ദേഹം നടത്തിയ കാലോചിതവും ധീരവുമായ പ്രവര്‍ത്തനങ്ങളാണ് വിനോബാജിയെ വ്യത്യസ്തനായ വിപ്ലവകാരിയാക്കി നിര്‍ത്തുന്നത്.
ഗാന്ധിജിയുടെ ആശ്രമം അഹമ്മദാബാദിനടുത്തുള്ള കൊച്ച്രാബ് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് യുവാവായ വിനോബ ഗാന്ധിജിയെ ആദ്യമായി കാണുന്നത്. തന്റെ
പ്രഥമ ദര്‍ശനത്തെ വിനോബ ഓര്‍ക്കുന്നു:
1916-ല്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ 21 വയസ്സുള്ള ചെറുക്കന്‍ ആയിരുന്നു. ഒരു ജിഞ്ജാസു ബാലകന്റെ മനോവൃത്തിയുമായാണ് അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നിരുന്നത്. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാവുന്ന ഒരു കാര്യം, എന്തിനെയാണോ സംസ്‌കാരം എന്ന് വിളിക്കുന്നത്, ശിഷ്ഠാചാരം എന്ന് വിളിക്കുന്നത് അത് എന്നില്‍ വളരെ കുറവായിരുന്നുവെന്ന്. ഞാന്‍ പ്രകൃത്യാ കാട്ടുമൃഗത്തിനെപ്പോലെ കഴിഞ്ഞിരുന്നു. എന്നിലെ ക്രോധാഗ്നിയേയും മറ്റനേകം അഭിലാഷങ്ങളുടെ ജ്വാലകളേയും തണുപ്പിച്ചു നിര്‍ത്തിയത് ബാപ്പുവായിരുന്നു. എന്റെ മേല്‍ അദ്ദേഹം നിരന്തരം ആശീര്‍വാദം ചൊരിഞ്ഞിരുന്നു. ഞാന്‍, അദ്ദേഹം വളര്‍ത്തുന്ന ഒരു കാട്ടുജീവിയാണ്. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിതീര്‍ന്നിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ ബാപ്പുവിന്റെ ആശീര്‍വാദത്തിന്റെ അദ്ഭുതമാണ്. അദ്ദേഹം എന്നെപ്പോലെയുള്ള സംസ്‌കാരരഹിതനായ മനുഷ്യനെ സേവകനാക്കി മാറ്റി.
ബാപ്പു ഒരിക്കലും സ്വയം ഗുരുവായി പരിഗണിച്ചിരുന്നില്ല. തന്നെ ആരുടേയും ശിഷ്യനായും കണക്കാക്കിയിരുന്നില്ല. അതുപോലെ ഞാനും ആരുടെയും ഗുരുവോ ശിഷ്യനോ അല്ല. എന്നിരുന്നാലും ഗുരുവിന്റെ മഹത്വം ഞാന്‍ വളരെയധികം മനസ്സിലാക്കുന്നു....
ആശ്രമത്തില്‍ വന്നതിന് ശേഷമാണ് എനിക്ക് കണ്ണുകള്‍ ലഭ്യമായത്. ഈ ഉപകാരങ്ങളെല്ലാം ബാപ്പുവിന്റേതാണ്.
ബാപ്പുവിന്റെ പ്രഥമദര്‍ശനം തന്നെ വിനോബഭാവയില്‍ അദ്ഭുതവും ആദരവും സൃഷ്ടിച്ചു. അടുക്കളയിലിരുന്ന് പച്ചക്കറി നുറുക്കുന്ന ഗാന്ധി വിനോബയ്ക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും ഉപരിയായിരുന്നു. സ്വതവേ ബാല്യത്തില്‍ സൂക്ഷ്മ നിരീക്ഷകനും, തീവ്രപരിരക്ഷകനും കൂടിയായിരുന്ന വിനോബ തന്റെ കാഴ്ചയെപ്പറ്റി ഓര്‍ക്കുന്നു.
“ഗാന്ധിജി എന്റെ പരീക്ഷ നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവോ അല്ലയോ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ എന്റെ ബുദ്ധിയിലൂടെ അദ്ദേഹത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഈ പരീക്ഷയില്‍ അദ്ദേഹം കുറഞ്ഞ മാര്‍ക്ക് വാങ്ങിയിരുന്നില്ല എങ്കില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം തങ്ങുമായിരുന്നില്ല. എന്റെ പരീക്ഷ നടത്തി എന്നില്‍ എത്രയെങ്കിലും കുറവ് അദ്ദേഹം കണ്ടിരിക്കാമെങ്കിലും അദ്ദേഹം കണ്ടാല്‍ തന്നെയും അദ്ദേഹത്തിനെ എന്നോടൊപ്പം നിര്‍ത്തുമായിരുന്നു പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ സത്യനിഷ്ഠയില്‍ എന്തെങ്കിലും കുറവ്, ന്യൂനത, പിഴവുകള്‍ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തൊടൊപ്പം കഴിയുമായിരുന്നില്ല.”
വിനോബയുടെ വ്യക്തി വൈശിഷ്ട്യം
ഹിമാലയ തുല്യമായ ശാന്തിയും, ബംഗാളിലെ വിപ്ലവങ്ങളുടെ സമന്വയവും ഗാന്ധിജിയില്‍ വിനോബാജി കണ്ടു. തുടക്കം മുതലേ പുത്രവാത്സല്യത്തോടെ വിനോബയെ ഗാന്ധി കരുതുകയും ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഉപദേശകനായും വിനോബയെ കരുതി. ഗാന്ധിജി വിനോബയുടെ പിതാവ് ഹരഹര്‍ഭാവയ്ക്ക് എഴുതിയ കത്ത് ശ്രദ്ധേയമാണ്:
'ഇത്ര ചെറുപ്രായത്തില്‍ തന്നെ താങ്കളുടെ പുത്രന്‍ പരിശീലിച്ചെടുത്ത തേജസ്വിയും വൈരാഗിതയും പരിശീലിച്ചെടുക്കുവാന്‍ എനിക്ക് നിരവധി വര്‍ഷങ്ങള്‍ വേണ്ടി വന്നു.’
സത്യാഗ്രഹത്തിന്റെ ആചരണം വിനോബജി ഗാന്ധിയുടെ അടുത്ത് എത്തിയ അന്നുതൊട്ട് അവസാനം വരെ നടത്തുകയുണ്ടായി. സത്യാഗ്രഹത്തെ യുദ്ധത്തിനുള്ള ഒരു സാധനയായോ അതു തന്ത്രമെന്ന നിലയിലോ കരുതിയിരുന്നില്ല. സമഗ്രമായ ഒരു ജീവിതശൈലിയായിരുന്നു ഗാന്ധിജിയ്ക്കും വിനോബജിയ്ക്കും സത്യാഗ്രഹം.
1923- ലെ പതാകാ സത്യാഗ്രഹകാലത്തായിരുന്നു അദ്ദേഹം ആദ്യം ജയിലില്‍ പോയത്.1940- ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് അവസാനമായും. ഇടയില്‍ നാല് തവണ ജയിലില്‍ പോവുകയും മൊത്തം അഞ്ചരവര്‍ഷക്കാലം ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു.
ജയിലുകള്‍ ക്ഷേത്രങ്ങളാകുന്നു
ജയിലുകളെ ക്ഷേത്രങ്ങളായിക്കണ്ട് ആരാധനയ്ക്കും ആത്മ വിശുദ്ധിക്കും പഠന ഗവേഷണങ്ങള്‍ക്കുമുള്ള അവസരമായി തീര്‍ക്കണമെന്ന ഗാന്ധിജിയുടെ നിഷ്‌കര്‍ഷ വിനോബ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. വിനോബയും മറ്റനേകം ലബ്ദ പ്രതിഷ്ഠരായ സത്യാഗ്രഹികളെപ്പോലെ ജയിലിനകത്ത് അദ്ധ്വാനഭരിതമായ ജീവിതത്തിന്റെ എല്ലാനിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് ഭാരതത്തിലെ ജയിലുകള്‍ ഗാന്ധിജിയുടെ സ്വാധീനത്തില്‍ കൊട്ടാരങ്ങള്‍ മാത്രമല്ല സര്‍വ്വകലാശാലകളായി മാറുകയുണ്ടായി.
ഏകദേശം മൂന്ന് പതിറ്റാണ്ടുകാലം നൂല്‍നൂല്‍പ്പ്, നെയ്ത്ത്, നയിത്താലിം, ഗോ സേവ, ആഹാര ശുദ്ധി, കുഷ്ഠ സേവ, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ കര്‍മ്മകുശലത തെളിയിക്കുകയുണ്ടായി. തക്‌ളിയില്‍ നൂല്‍ നൂല്‍ക്കുന്നതിന് അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ഗാന്ധിജിയുടെ പ്രശംസ പിടിച്ചു പറ്റി.
രചനാന്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നപ്പോഴും ധ്യാന-യോഗ പരീക്ഷണങ്ങളും വിനോബ നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന അഖണ്ഡ സൂത്രയജ്ഞ (ഇടമുറിയാത്ത നൂല്‍നൂല്‍പ്) വേളകളിലും ജലചക്രം തിരിക്കുന്ന വേളയില്‍ അതിന്റെ ഗതി വര്‍ദ്ധിക്കുന്ന അതേ വേഗതയില്‍ ധ്യാനാവസ്ഥയില്‍ എത്തിച്ചേരുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വിനോബ കേരളം സന്ദര്‍ശിക്കുന്നു
1925-ല്‍ വൈക്കം സത്യാഗ്രഹം നിരീക്ഷിക്കുന്നതിനായി ഗാന്ധിജി വിനോബയെ കേരളത്തിലേക്ക് അയക്കുകയുണ്ടായി. അവസാനമായി അദ്ദേഹം കേരളത്തിലെത്തിയത് 1957-ല്‍ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രചാരകനായിട്ടാണ്. ഏപ്രില്‍ 15-ാം തീയതി കന്യാകുമാരിയില്‍ നിന്ന് കേരളത്തിലേക്ക് നീങ്ങിയ വിനോബ്ജി തന്റെ കേരള യാത്രയെ വിശേഷിപ്പിച്ചത“പ്രേമരാജ്യത്തിലേക്കുള്ള തീര്‍ത്ഥാടനം”എന്നാണ്. കേരള സര്‍വ്വോദയ മണ്ഡല രൂപീകരണം, അഖിലേന്ത്യാ ശാന്തിസേനയുടെ പ്രഥമ ഘടകം സംഘാടനം, ശാന്തി സൈനികര്‍ക്കുവേണ്ടി സര്‍വ്വോദയ പത്രം സ്ഥാപിക്കുക എന്നിവ അദ്ദേഹത്തിന്റെ യാത്രയിലെ അതിപ്രധാന സംഭവങ്ങളായിരുന്നു.
ആദി ശങ്കരാചാരാര്യരേയും, യേശുമിശിഹായേയും, നബി, ബുദ്ധന്‍ തുടങ്ങിയ പ്രവാചകന്മാരേയും സ്മരിച്ചുകൊണ്ട് ആ താപസചര്യന്‍ ആഗസ്ത് 20 വരെ കേരളത്തില്‍ സഞ്ചരിച്ചു. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരള ജനതയുടെ ബുദ്ധി വൈഭവത്തേയും ആതിഥ്യമര്യാദയേയും ഈ ഭൂപ്രദേശത്തിന്റെ പ്രകൃതി രമണീയതയേയും പ്രശംസിച്ചുകൊണ്ട് ജാതി മതങ്ങള്‍ക്ക് അതീതമായി വിശ്വകുടുംബത്തിലേക്കുയരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേരള മണ്ണിലൂടെയുള്ള അദ്ദേഹത്തിന്റെ നാലരമാസം നീണ്ട പദയാത്ര ഒരു നവ ആദ്ധ്യാത്്മിക ചൈതന്യം കേരളത്തിലെമ്പാടും ചൊരിഞ്ഞതു പോലെ പലരും ഓര്‍ക്കുന്നു. ശ്രീ ശങ്കരാചാര്യരുടെ പ്രവചനങ്ങളെ അനുസ്മരിക്കുമാറ് ഈ ആധുനിക സ്‌നേഹ പ്രവാചകന്‍ “ വായു
ആര്‍ക്ക് സ്വന്തം, ഭൂമിയാര്‍ക്ക് സ്വന്തം ജലമാര്‍ക്ക് സ്വന്തം”എന്ന വിപ്ലവ ധ്വനികള്‍ ഉയര്‍ത്തിക്കൊണ്ട്,
“ഭൂമി ദാനം ചെയ്യുവിന്‍, ഭൂമി ദാനം ചെയ്യുവിന്‍
ഭൂമിയില്ലാ മര്‍ത്ത്യര്‍ക്കായി ഭൂമി ദാനം ചെയ്യുവിന്‍”
എന്ന ഈരടികളുടെ പശ്ചാത്തലത്തില്‍ കന്യാകുമാരി മുതല്‍ മഞ്ചേശ്വരം വരെ സഞ്ചരിക്കുകയും ലക്ഷകണക്കിന് ഏക്കര്‍ഭൂമി ഭൂമിയില്ലാത്ത കര്‍ഷകര്‍ക്കും നിര്‍ദ്ധനര്‍ക്കുമായി ശേഖരിക്കുകയുമുണ്ടായി.
ശ്രീ.ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭാരതത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലായിരുന്നു കേരളത്തിലുടെയുള്ള വിനോബജിയുടെ യാത്ര. മുഖ്യമന്ത്രി ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാട് കേരള അതിര്‍ത്തിയില്‍ വച്ച് വിനോബജിയേയും സംഘത്തേയും സ്വീകരിച്ചത് പലതരത്തിലുള്ള ആശങ്കകള്‍ അകറ്റുകയും വിനോബജിയുടെ ദൗത്യത്തിന്റെ സാര്‍വലൗകിക പ്രസക്തി വിളംബരം ചെയ്യുകയുമായിരുന്നു. കേരള ഗവര്‍ണര്‍ ബി.രാമകൃഷ്ണ റാവു, യു.എന്‍. ധേബര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഒന്‍പതാം അഖിലേന്ത്യ സമ്മേളനം കാലടിയില്‍ വച്ച് മേയ് 9,10 തീയതികളില്‍ വിനോബാജിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു എന്നത് ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു.
ഭൂമിദാന പ്രസ്ഥാനത്തിന്റെ പ്രത്യേകത
1951 ല്‍ തെലുങ്കാനെയിലെ പോച്ചംപ്പള്ളി ഗ്രാമത്തില്‍ ആരംഭിച്ച ഭൂമിദാനപ്രസ്ഥാനം ചരിത്രത്തിലെ അദ്ഭുതങ്ങളിലൊന്നായി കരുതപ്പെടുന്നു. സന്തോഷത്തോടുകൂടി ഭൂരഹിതര്‍ക്കു വിതരണം ചെയ്യുവാനായി ഭൂമി സ്വയം വിട്ടുകൊടുക്കുക അല്ലെങ്കില്‍ ദാനം ചെയ്യുകയെന്ന മഹത്കൃത്യം കണ്ടു ഇന്‍ഡ്യന്‍ ഗ്രാമങ്ങളും ജനതയും കോരിത്തരിച്ചു. 1970 ഓടുകൂടി 40 ലക്ഷം ഏക്കര്‍ ഭൂമി വിനോബയ്ക്ക് ലഭിച്ചു. 1971 ല്‍ മാത്രം 168000 ഏക്കര്‍ഭൂമി അതായത് ഭാരതത്തിലെ ഏകദേശം 30 ശതമാനം ഭൂമി ഇത്തരത്തില്‍ കാണിക്കയായി, ദാനമായി വിനോബക്ക് ലഭിച്ചുവെന്നാണ് കണക്ക്. ജില്ലാ ഭൂദാന്‍ ബോര്‍ഡുകള്‍ രൂപീകരിച്ചു, ഭൂരഹിതര്‍ക്ക് ഈ ഭൂമി വിതരണം ചെയ്യുകവഴി, വിപ്ലവകരമായ കാര്‍ഷിക പരിവര്‍ത്തനത്തില്‍ ഭാരതം പില്‍ക്കാലത്ത് സാക്ഷിയായി. ഭൂപരിഷ്‌ക്കരണനിയമങ്ങള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കാന്‍ കൂടി വിനോബയ്ക്ക് കഴിഞ്ഞു.
കേരളത്തില്‍ വിനോബയുടെ പേരില്‍ ഒരു സ്ഥാപനം
വിനോബജി തന്റെ മാനസപുത്രിയെന്ന് വിശേഷിപ്പിച്ച തിരുവനന്തപുരം സ്വദേശി എ.കെ.രാജമ്മ സംശുദ്ധവും സമര്‍പ്പിതവുമായ ജീവിതത്തിന് ഉടമയാണ്. സമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ട ഈ മഹതി ദീര്‍ഘകാലം വിനോബാജിയോടൊപ്പം പ്രവര്‍ത്തിക്കുകയും നെടുമങ്ങാട് താലൂക്കില്‍ വിതുരയ്ക്കടുത്ത് വിനോബനികേതന്‍ എന്ന ആശ്രമം സ്ഥാപിക്കുകയുമുണ്ടായി. 1957 ഏപ്രില്‍ 21-ാം തീയതി വിനോബാജി തറക്കല്ലിട്ട ഈ സ്്ഥാപനം ഒരു ഗ്രാമ വിദ്യാലയം എന്നനിലയില്‍ മികച്ച സേവനം നടത്തിക്കൊണ്ടിരിക്കുന്നു. വിനോബാ ദര്‍ശനങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നതിന് സ്വജീവിതം ഉഴിഞ്ഞു വച്ച “അമ്മ” എന്ന്് ആരാധകര്‍ വിളിക്കപ്പെടുന്ന പരിവ്രാജിക രാജമ്മ നിശബ്ദസേവനത്തിന്റേയും ത്യാഗത്തിന്റേയും മത നിരപേക്ഷതയുടേയും പ്രതീകമായും അശരണര്‍ക്ക് ആശാകേന്ദ്രമായും പ്രകാശഗോപുരമായും പ്രവര്‍ത്തിച്ചുവരുന്നു.
മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമവും അവിടെ നിന്ന് വളരെ അകലെയല്ലാത്ത പൗനാര്‍ ഗ്രാമത്തില്‍ വിനോബജി സ്്ഥാപിച്ച ബ്രഹ്മവിദ്യാമന്ദിര്‍, പരിവ്രാജിക രാജമ്മ മലയടിയില്‍ സ്ഥാപിച്ച വിനോബാനികേതന്‍ എന്നിവ പരസ്പരബന്ധിതവും പൂരകവുമായ ആശയങ്ങളുടെ സ്മന്വയകേന്ദ്രങ്ങളായി തീര്‍ന്നിരിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയമാണ്.
ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം രചനാത്മക പ്രവര്‍ത്തകരെ ഊര്‍ജസ്വലരായി നിര്‍ത്തിയത് വിനോബയായിരുന്നു.
വിനോബാജിയുടെ ഗാന്ധിഭക്തി ഏകലവ്യഭക്തിക്ക് തുല്യമായി പലരും കണ്ടിരുന്നു.
32 വര്‍ഷത്തെ ദീര്‍ഘമായ സഹകരണം ഗാന്ധിയുമായിട്ടുണ്ടായിരുന്നു വിനോബയ്ക്ക്.
ഗാന്ധിയുടെ നിരവധി ചിന്തകളെ അദ്ദേഹം ശാസ്ത്രീയമായ ഭാഷയില്‍ അവതരിപ്പിക്കുകയും പണ്ഡിത വൃന്ദങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്തു.
നിയമലംഘനം എന്ന ലേഖനത്തില്‍ വിനോബയെക്കുറിച്ച് ഗാന്ധി എഴുതിയത് ഓര്‍ക്കാം:
അദ്ദേഹം സംസ്‌കൃത പണ്ഡിതനായിരുന്നു.
സബര്‍മതി ആശ്രമത്തിലെ ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്നു,
ശൗചാലയ ശുചീകരണം തൊട്ട് അടുക്കളപണിവരെയുള്ള എല്ലാ ആശ്രമജോലികളും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അപാരമായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മനോഭാവമായിരുന്നു എന്നിരുന്നാലും തന്റെ സമയത്തിന്റെ വലിയൊരുഭാഗം അദ്ദേഹം നൂല്‍നൂപ്പ് സാധനയില്‍ മുഴുകുമായിരുന്നു.
ജന്മസിദ്ധ അധ്യാപകനായിരുന്നു.
ഗാന്ധിയന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തികച്ചും വിപ്ലവാത്മകവും ആധുനികവുമായ മുഖം നല്‍കുവാന്‍ വിനോബജി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഭൂദാന പ്രസ്ഥാനം. സ്വതന്ത്രഭാരതത്തില്‍ സാമൂഹിക നീതി, സ്ത്രീ ശാക്തീരണം, എല്ലാവര്‍ക്കും തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭൂദാന പ്രസ്ഥാനം വഴി കഴിയുമെന്ന് അദ്ദേഹം കരുതി കരുണ, പ്രേമം, എന്നീ ഗുണങ്ങള്‍ സാമൂഹിക പരിവര്‍ത്തനത്തിനും ധാര്‍മ്മിക ശക്തികളുടെ പുനര്‍ വിന്യാസത്തിനും ഉപകരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ഭൂദാനം, ഗ്രാമദാനം, ഗോരക്ഷ എന്നിവയ്ക്കുള്ള കര്‍മ്മ പരിപാടി അദ്ദേഹത്തിന്റെ സംഭാവനകളാണ്.
ആത്മീയതയും ശാസ്ത്രവും
ശാസ്ത്രസാങ്കേതികവിദ്യ ഗ്രാമ വികസനത്തിനും ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനമായ മറ്റൊരിനമാണ് ആത്്മീയതയും ശാസ്ത്രവും (രെശലിരല മിറ ുെൃശൗേമഹശ്യേ) എന്ന കാഴ്ചപ്പാട്. മാനൂഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നീതി ഉറപ്പാക്കുന്ന പരിവര്‍ത്തന വിധേയമായ സാമൂഹിക ഘടന അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു.
ധീക്ഷണശാലിയായ ചിന്തകനും വാഗ്മിയും ഗവേഷകനും ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു വിനോബജി. ഗീതാപ്രവചനങ്ങള്‍ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം ധൂളിയ ജയിലില്‍ രാഷ്ട്രീയതടവുകാര്‍ക്ക് അദ്ദേഹം നല്‍കിയ പ്രഭാഷണങ്ങളുടെ സങ്കലനമാണ്.
എല്ലാ ഞായറാഴ്ചകളിലും ഗീതാ പ്രവചനം നടത്തുവാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഓരോ ആഴ്ചയിലും ഓരോ അദ്ധ്യായം എന്ന രീതിയില്‍ ഭഗവദ്ഗീതിയിലെ 18 അധ്യായങ്ങളും ഇപ്രകാരം അദ്ദേഹം പ്രവചനങ്ങള്‍ക്ക് വിധേയമാക്കി. മറാത്തിയില്‍ തയ്യാറാക്കിയ ഈ പ്രഭാഷണങ്ങള്‍ ഭാരതത്തിലെ 17 ഭാഷകളിലും ഫ്രഞ്ച്, ജര്‍മ്മന്‍, ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വമാനവികതയുടെ സ്വരൂപവും പ്രാധാന്യവും സവിസ്തരം വെളിവാക്കുന്ന പ്രവചനങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ലോകമേ തറവാട് എന്ന ആശയം കൂടി ഇതില്‍ നിഴലിക്കുന്നു.
സ്ത്രീ ശക്തി
“സ്ത്രീ ശക്തി”അഥവാ സ്ത്രീ ശാക്തീകരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മേഖലയായിരുന്നു. സ്ത്രീ സ്വാതന്ത്ര്യം ഉറപ്പാക്കാത്ത, സ്ത്രീയെ ബഹുമാനിക്കാത്ത ഒരു സമൂഹം ശാപഗ്രസ്ഥമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സാമൂഹിക പുരോഗതിയ്ക്ക് വിദ്യാഭ്യാസമുളള, ഉണര്‍ത്തെഴുന്നേറ്റ, പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും ബോധമുള്ള സ്ത്രീ സമൂഹം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന സമീപനമായിരുന്നു വിനോബാജിയുടേത്. ഇക്കാര്യത്തില്‍ തന്റെ ഗുരുവായ ഗാന്ധിജിയുടെ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്.
ബ്രഹ്മവിദ്യാമന്ദിര്‍
അദ്ദേഹം സ്ഥാപിക്കുകയും 32 വര്‍ഷക്കാലം ഒരു താപസശ്രേഷ്ഠന്റെ മനശുദ്ധിയോടെ നേതൃത്വം നല്‍കിയ ബ്രഹ്മവിദ്യാ മന്ദിര്‍ സ്ത്രീ ശക്തി അഥവാ സത്രീ വിമോചനത്തിന്റെ പരിശീലന കേന്ദ്രമായിരുന്നു. അവിടെ നിന്നുയര്‍ന്ന സ്ത്രീ വിമോചനത്തിന്റെ പടകധ്വനികള്‍ രാഷ്ട്രീയ സാമൂഹിക അദ്ധ്യാത്മിക രംഗങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തി എന്നത് വസ്തുത.
അവിശ്വസനീയമായ തരത്തിലുള്ള ദിനചര്യയായിരുന്നു വിനോബാജിയുടേത്. പ്രഭാതത്തില്‍ രണ്ടരമണിയ്ക്ക് ഉണര്‍ന്നാല്‍ മൂന്ന് മണി വരെ ഗീതയിലെ വിശ്വരൂപ ദര്‍ശന വരികള്‍ ഉരുവിടും. അതിനുശേഷം റാന്തല്‍ വെളിച്ചത്തില്‍ പഠനം. നടന്നുകൊണ്ടും പ്രാര്‍ത്ഥനാവരികള്‍ ഉരുവിടുക പതിവായിരുന്നു. പ്രഭാതത്തോടെ മലയരികില്‍ സൂര്യനഭിമുഖമായി ധ്യാനം. ധ്യാനത്തിന്റെ അവസാനം സഹപ്രവര്‍ത്തകരോടൊപ്പം നടത്തം. ചോദ്യങ്ങള്‍ക്കുളള മറുപടി എന്നിവയും. വഴിയരികില്‍ മറ്റ് പ്രാര്‍ത്ഥനാ സഭകള്‍ ഉണ്ടെങ്കില്‍ അവയില്‍ പങ്കെടുക്കും. പത്തരമണിയ്്ക്ക് വിഷ്ണു സഹസ്രനാമം ചൊല്ലല്‍ തുടര്‍ന്ന് വിശ്രമം. തുടര്‍ന്ന് അനുനായികളുമായുള്ള ആശയവിനിമയവും ചര്‍ച്ചയും 6 മണിയ്്ക്ക് സന്ധ്യാവന്ദനവും പ്രാര്‍ത്ഥനയും തുടര്‍ന്ന്് തൈരും തേനും ചേര്‍ന്ന ആഹാരം. ഇതായിരുന്നു അദ്ദേഹത്തിന്റെ ഒരു ദിവസം.
സര്‍വധര്‍മസമഭാവന
ഇരിക്കുന്നിടത്ത് ഭാഗവതം, രാമായണം, ഭഗവദ്ഗീത, ഉപനിക്ഷത്ത്, വേദഗ്രന്ഥങ്ങള്‍, ബൈബിള്‍, ഖുര്‍:ആന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ എന്നിവ എപ്പോഴും ഉണ്ടാകും. ചര്‍ക്കയില്‍ നൂല്‍ നൂല്‍പ്പ് പ്രാര്‍ത്ഥനയെന്നോണം ഭക്തിപൂര്‍വ്വം ദിനവും നിര്‍വ്വഹിക്കാറുണ്ടായിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന വിനോബജി എല്ലാ സംസ്‌കാരത്തോടും ഭാഷയോടും മത വിശ്വാസങ്ങളോടും തുല്യ ആദരവും ബഹുമാനവും പുലര്‍ത്തിയിരുന്നു.
ആശ്രമ അന്തേവാസികള്‍ക്ക് ഊര്‍ജസ്വലത നല്‍കുകയെന്ന ലക്ഷ്യത്തോടായിരുന്നു വിനോബ പതിനൊന്നിന വ്രതങ്ങളെ ഛന്ദോബദ്ധമാക്കിയിട്ടുള്ളത് :
“അഹിംസാസത്യമസ്‌തേയ
ബ്രഹ്മചര്യമസംഗ്രഹ
ശരീരശ്രമ അസ്വാദ
സര്‍വ്വത്രഭയ വര്‍ജന
ധര്‍മ്മധര്‍മ്മേ സമാനത്വ
സ്വദേശീ സ്പര്‍ശഭാവന
വിനമ്ര വ്രതാനിഷ്ഠാസേ
യേ ഏകാദശ സേവ്യ ഹേ”
ചമ്പാരന്‍ കൊള്ളക്കാരെ സ്‌നേഹത്തോടെ കീഴടക്കുന്നു
ഭാരത സമൂഹത്തേയും രാഷ്ട്രീയ നേതൃത്വത്തേയും ഏറെക്കാലം മുള്‍മുനയില്‍ നിര്‍ത്തുകയും ഭീതി ജനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മദ്ധ്യപ്രദേശിലെ ചമ്പാരണ്‍ കൊള്ളക്കാരെ ആയുധം വച്ച് കീഴടങ്ങുവാന്‍ വിനോബജിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ശ്രമങ്ങള്‍ അഹിംസയുടെ, പ്രേമത്തിന്റെ, കാരുണ്യത്തിന്റെ സര്‍വ്വകാല വിജയമായി കണക്കാക്കപ്പെടുന്നു.
ഭാരത ഋഷിവര്യന്മാരുടെ പരമ്പരയില്‍ സ്ഥാനം പിടിച്ചു പറ്റിയ മഹര്‍ഷി വിനോബ എന്ന പേരില്‍ ആരാധകരാല്‍ ബഹുമാനിക്കപ്പെട്ടിരുന്ന വിനോബജി അന്ത്യകാലം ചെലവഴിച്ചത് പൗനാറിലെ ബ്രഹ്മവിദ്യാമന്ദിറില്‍ പഠനഗവേഷണ പരിശീലന പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. പ്രപഞ്ചത്തിലെ പൊതുവീഥികളെല്ലാം ഇക്കാലത്ത് പൗനാറിലേക്ക് നയിക്കുന്ന ഒരു പ്രതീതി, ആധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക ,ഇതരമേഖലകളിലുള്ള നേതാക്കന്മാരും മറ്റുള്ളവരും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഉപദേശത്തിനും അദ്ദേഹത്തെത്തേടിയെത്തിക്കൊണ്ടിരുന്നു ഇക്കാലത്ത്.
ബ്രഹ്മനിര്‍വാണം
ക്രമേണ എല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി ഇഹലോകവാസം വെടിയുന്നതിനുള്ള ശ്രമത്തില്‍ അദ്ദേഹം ആഹാരവും മരുന്നും ഉപേക്ഷിച്ചു. ഈ ഭീഷ്മപ്രതിജ്ഞ രാഷ്ട്രത്തേയും രാഷ്ട്രനേതൃത്വത്തേയും അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിനുള്ള ആരാധകരേയും
ഞെട്ടിച്ചു.
പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അദ്ദേഹത്തെ നേരിട്ട് കണ്ട് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും ആ യോഗി വര്യന്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നു. ആ ദീപം ബ്രഹ്മ നിര്‍വ്വാണത്തില്‍ വിലയിച്ചപ്പോള്‍ ഒരു യുഗവര്യന്റെ ഇഹലോകവാസത്തിന്റെ അന്ത്യമായി കണക്കാക്കാതെ ശാന്തിയുടെ, സമാധാനത്തിന്റെ, സഹകരണത്തില്‍ കൂടി എല്ലാവര്‍ക്കും നീതിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ വേണ്ടി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ,പട്ടണങ്ങളില്‍ ,നഗരപ്രദേശങ്ങളില്‍ ,കാടുകളില്‍, ദശലക്ഷം മൈലുകള്‍ നടന്ന ആ പ്രേമസ്വരൂപന്റെ ,ഗാന്ധിജിയുടെ പ്രിയശിഷ്യനായ വിനോബജിയുടെ നിലയ്ക്കാത്ത കാലടി ശബ്ദങ്ങള്‍ കാലം കാതോര്‍ത്ത് കൊണ്ടിരിക്കുന്നു.